അന്യായമായി സംഘം ചേര്‍ന്നു, ഗതാഗതം സ്തംഭിപ്പിച്ചു; ഷംസീറിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത് പൊലീസ്

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. ഗതാഗതം സ്തംഭിപ്പിച്ചു, അന്യായമായി സംഘം ചേര്‍ന്നു, മുന്നറിയിപ്പില്ലാ പ്രതിഷേധയാത്ര നടത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍എസ്എസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വൈകിട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍നിന്ന് പഴവങ്ങാടി ഗണപതി കോവില്‍ വരെയായിരുന്നു പ്രകടനം. പാളയത്തെ ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ചാണ് യാത്രയാരംഭിച്ചത്. ഗണേശവിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധിപേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെ റാലി സമാപിച്ചു. രാവിലെ പഴവങ്ങാടിയില്‍ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു.

Read more

ഷംസീര്‍ മാപ്പ് പറയുക, സര്‍ക്കാര്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളാണ് എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് എം.എസ്. കാര്‍ത്തികേയന്‍, സെക്രട്ടറി ബിജു വി. നായര്‍ എന്നിവര്‍ നാമജപയാത്രയില്‍ ഉയര്‍ത്തിയത്.