'ജാമ്യം റദ്ദാക്കാൻ പൊലീസ് നിസാര കാരണങ്ങൾ നിരത്തുന്നു, തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിട്ടു'; രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ച കേസിലെ കോടതി നോട്ടീസിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്ന് പറഞ്ഞ രാഹുൽ തന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിട്ടുവെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്‍റെ നടപടിക്കെതിരെയാണ് രാഹുലിന്റെ പ്രതികരണം. ജാമ്യം ലഭിച്ച പുറത്തിറങ്ങിയശേഷവും രാഹുൽ ഈശ്വര്‍ വീണ്ടും അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം ഹര്‍ജി നൽകിയത്.

പരാതിക്കാരിയെ വീണ്ടും അപമാനിച്ച രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസയച്ചു. ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതി ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പരാതിക്കാരി വീണ്ടും അപമാനിച്ചുവെന്നാരോപിച്ച് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും പരാതിക്കാരി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.