കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചുവെന്നും സബ് കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അതേസമയം വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ചയെന്നും മന്ത്രി പറഞ്ഞു. 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ സമഗ്ര ശിക്ഷാ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ന്യൂഡൽഹിയിൽ ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണ്ണായകമായ ഒരു വിഷയം ചർച്ച ചെയ്യുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ച. 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ സമഗ്ര ശിക്ഷാ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും, കുട്ടികളുടെ ഭാവിക്ക് വേണ്ടി നടപ്പിലാക്കുന്ന സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനും ഈ ഫണ്ട് വേഗത്തിൽ ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. ചർച്ച ക്രിയാത്മകമായിരുന്നു.







