കൊല്ലത്ത് ഇരുചക്ര വാഹനത്തില്‍ കറങ്ങി ചെടി മോഷണം; ദമ്പതികളുടെ മോഷണ വീഡിയോ പുറത്ത്

കൊല്ലത്ത് ഇരുചക്ര വാഹനത്തില്‍ കറങ്ങി ചെടി മോഷണം. മുണ്ടയ്ക്കല്‍ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം താമസിക്കുന്ന മുന്‍ എസ്ബിഐ ചീഫ് മാനേജര്‍ നഹാസിന്റെ വീട്ടില്‍ നിന്നാണ് ഇരുചക്ര വാഹനത്തിലെത്തിയവര്‍ ചെടി മോഷ്ടിച്ച് കടന്നുകളഞ്ഞത്. മതിലിന് മുകളില്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തിയിരുന്ന ചെടിയാണ് മോഷ്ടിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ യുവാവിനും യുവതിക്കും ഒപ്പം ഒരു കൈക്കുഞ്ഞിനെയും ദൃശ്യങ്ങളില്‍ കാണാം. പൂക്കളുള്ള ബോഗന്‍വില്ല ഇനത്തില്‍പ്പെട്ട ചെടിയാണ് മോഷ്ടാക്കള്‍ ചട്ടിയോടെ കൊണ്ടുപോയത്. നഹാസിന്റെ വീട്ടില്‍ നിന്നും മുന്‍പും സമാന രീതിയില്‍ ചെടികള്‍ നഷ്ടപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് വീടിന് ചുറ്റും ക്യാമറകള്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. നഹാസ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.