'ചിന്തയെ കൊല്ലാതെ കൊല്ലുന്നു, നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുനത് സ്ത്രീ ആയതുകൊണ്ട്'; പിന്തുണയുമായി പി.കെ ശ്രീമതി

യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടക്കുന്നത് കൊല്ലാക്കൊലയെന്ന് പി.കെ ശ്രീമതി ടീച്ചര്‍. കേട്ടപാതി കേള്‍ക്കാത്ത പാതി നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉന്നയിക്കുന്നത് സ്ത്രീ ആയത് കൊണ്ടാണെന്നും വിമര്‍ശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണമെന്നും അവഹേളിക്കരുതെന്നും ശ്രീമതി ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

വിമര്‍ശനമാവാം. എന്നാല്‍ ‘കേട്ട പാതി കേള്‍ക്കാത്ത പാതി’നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുനത് സ്ത്രീ ആയത് കൊണ്ട് മാത്രം. ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കില്‍ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.

സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെണ്‍കുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമര്‍ശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെണ്‍കുട്ടിയെ സമൂഹമദ്ധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുത്.

സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത്.