അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയാല്‍ യു.എ.പി.എ; ഭരണകൂടത്തിന് എതിരെ ഏഴുതിയാല്‍ ഇ.ഡി പരിശോധന; മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് പി.ഡി.ടി ആചാരി

അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തിയാല്‍ യു.എ.പി.എ ചുമത്തല്‍ എന്നതാണ് നിലവിലെ രാജ്യത്തെ സ്ഥിതിയെന്ന് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. രാജ്യത്തെ ഭരണകൂടത്തിന് എതിരായി എഴുതിയാല്‍ ഇ.ഡി പരിശോധന എന്നിവയാണ് നിലവിലെ അവസ്ഥ.

ഭരണകൂടവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും തമ്മിലുളള തര്‍ക്കം എല്ലാക്കാലത്തുമുണ്ട്. വെല്ലുവിളികള്‍ മാധ്യമങ്ങളെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല. 1975ല്‍ രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടായി.

എന്നാല്‍ 2014 മുതല്‍ തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നിലവിലെ ലക്ഷണങ്ങള്‍ രോഗമായി മാറുന്നതിന് മുമ്പ് അവയെ തുരത്തി ജനാധിപത്യത്തെ സംരക്ഷിക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂനിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച ഭണഘടനാദിനാചരണ -കാര്‍ട്ടൂണ്‍പ്രദര്‍ശന-പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമസ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്്. മാധ്യമസ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമസ്വാതന്ത്ര്യം വിഷയമായ കേസുകളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിപ്രസ്താവങ്ങളാണ് നടത്തിയിട്ടുളളതെന്നും ആചാരി പറഞ്ഞു.