പി.സി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; കോടിയേരി ബാലകൃഷ്ണൻ

വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ പിസി ജോർജ് നെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ വാശി കാണിച്ചിട്ടില്ലെന്നും ആരോടും സർക്കാരിന് വിവേചനമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി സി ജോർജിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത്. മതവിദ്വേഷമുണ്ടാക്കുന്നതും കേരളത്തിന്റെ സാമുദായിക മൈത്രി തകർക്കുന്ന പരാമർശങ്ങളുമാണ് അദ്ദേഹം നടത്തിയത് എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ബിജെപി പരസ്യമായി പിസി ജോർജിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ​ദിവസം കാണാൻ സാധിച്ചത്. ഇത്തരത്തിൽ അന്യമതസ്ഥർക്ക് എതിരായിട്ടുളള മുദ്രാവാക്യങ്ങൾ അനുവദിച്ചു കൊടുക്കാൻ പറ്റില്ല. വർഗീയ കലാപങ്ങളില്ലാത്ത ഒരു നാടായി കേരളം നിലനിൽക്കുന്നത് ഇത്തരം നടപടികൾ സ്വീകരിക്കുന്നത് കൊണ്ടാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ആർക്കും എന്തും വിളിച്ച് പറയാൻ പറ്റില്ല. ഇതിന്റെ മാറ്റൊരു രൂപമാണ് പോപ്പുലർ ഫ്രണ്ട് റാലയിൽ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്.

മറ്റുള്ളവർ പറഞ്ഞ് പഠിപ്പിച്ച മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. അതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആരോടും ഒരു പ്രത്യേക വിവേചനമോ മറ്റുള്ള നിലപാടോ സർക്കാറിനില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാമനവമി ദിവസം മുസ്ലിംകൾക്കെതിരേയും ക്രിസ്മസ് ദിനത്തിൽ ക്രസ്ത്യൻ വിഭാഗങ്ങൾക്കെതിരേയും ആക്രമണങ്ങളുണ്ടായി.

ഇത് കേരളത്തിൽ ഇല്ലാതെ പോകുന്നത് ശക്തമായ മതനിരപേക്ഷ അടിത്തറയുളളത് കൊണ്ടാണ്. അത് തകർക്കാനുളള നീക്കം ഇവിടെ നടക്കുന്നുണ്ട്. ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. സാധ്യമായ എല്ലാ നിയമനടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചിരിച്ചതിനെ തുടർന്ന്. അനിവാര്യമെങ്കിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു.  പിസി ജോർജിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി. റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി.