പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ 'ഇടത്തും' പുതിയയിടങ്ങള്‍ കൂടി വരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി താനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ’, എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.അതേസമയം അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നും കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു.

കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് തീരുമാനിച്ചതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു. കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു തന്റെ തീരുമാനമെന്നും പഴയിടം പ്രതികരിച്ചിരുന്നു.