പമ്പ, മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

പമ്പ, മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നു. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാനിര്‍ദേശം. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പാലക്കാട്ടെ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളുടെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി.

പാലക്കാട് ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. അതേസമയം ശബരിഗിരി പദ്ധതിയിലെ കക്കി ആനത്തോട് അണക്കെട്ട് തുറന്നു.ആനത്തോട് റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. 50 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പമ്പയില്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ നിലവില്‍ തുറന്നു വിട്ടിരിക്കുന്ന 2,3,4 ഷട്ടറുകള്‍ക്ക് പുറമെ 5 ഉം 1 ഉം നമ്പര്‍ ഷട്ടറുകള്‍ കൂടി 40 സെന്റി മീറ്റര്‍ ഉയര്‍ത്തി.

ആകെ 260 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.