സിപിഎം നേതാവിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാന്‍ പാടില്ലാത്തതാണെന്ന് പാലക്കാട് ജില്ലാസെക്രട്ടറി; 'ഇതെല്ലാം ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്'

സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മല്‍സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നും സിപിഎം അഗളി ലോക്കല്‍ സെക്രട്ടറിയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. പാലക്കാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണന് നേര്‍ക്കായിരുന്നു സിപിഎം നേതാവിന്റെ വധഭീഷണി. ഈ നീക്കമാണ് പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്.

സിപിഎം നേതാവിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാന്‍ പാടില്ലാത്തതാണെന്നാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണമെന്നും ജില്ലാ സെക്രട്ടറി താക്കീത് നല്‍കി. അത് മനസ്സിലാക്കി പെരുമാറിയില്ലെങ്കില്‍ പരിശോധിക്കുമെന്നും ഇഎന്‍ സുരേഷ് ബാബു പറഞ്ഞു. ഇതെല്ലാം ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഇല്ലാത്ത കഥകളാണ് മെനഞ്ഞുണ്ടാക്കുന്നതെന്നും ഇഎന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് സിപിഎമ്മിനെതിരെ മല്‍സരിച്ചാല്‍ തട്ടിക്കളയുമെന്നാണ് മുന്‍ ഏരിയ സെക്രട്ടറിയെ സിപിഎം ലോക്കല്‍ സെക്രട്ടറി വിളിച്ച് ഭീഷണിപ്പെടുത്തിയത്. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി ആര്‍ രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണില്‍ വിളിച്ച് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലാണ്.ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങള്‍ എന്തു ചെയ്യുമെന്നും വി ആര്‍ രാമകൃഷ്ണന്‍ ചോദിച്ചപ്പോഴാണ് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നും ജംഷീര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

Read more

പത്രിക പിന്‍വലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്നും വി ആര്‍ രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ സമ്മതിക്കുന്നില്ല. അഴിമതിക്കെതിരെ പോരാടാനാണ് തീരുമാനമെന്നും 42 വര്‍ഷമായി സിപിഎം അംഗമായ രാമകൃഷ്ണന്‍ പറയുന്നു. ആരോപണം ജംഷീര്‍ നിഷേധിച്ചിട്ടില്ല. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണന്‍ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടികാണിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണന്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതേസമയം, അവര്‍ ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തില്‍ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരന്റെ വിശദീകരണം.