എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍

പാലക്കാട് എ.ആര്‍. ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍. മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി, എസ്. ദേവദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.

സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. നാളെ ഇയാളെ കോടതിയല്‍ ഹാജരാക്കും. കഴിഞ്ഞ 31-ന് സര്‍വീസില്‍ നിന്നു വിരമിച്ച സുരേന്ദ്രനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞമാസം 25- ന് ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപമാണ് കുമാറിന്റെ ജഡം കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്റെയും ചില കോണ്‍സ്റ്റബിള്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് കുമാര്‍ ആത്മഹത്യ ചെയ്തുവന്നാണ് കേസ്.

ക്യാമ്പില്‍ നിരന്തരപീഡനവും ജാതീയ അവഹേളനവും നേരിട്ടതായും കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കുമാറിനെ മര്‍ദ്ദിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാര്യയും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ ക്യാമ്പിലെ ഏഴു പൊലീസുകാരെ എസ്.പി. ജി. ശിവവിക്രമം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.