പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം ബിഷപ്പ് മാര്‍ കുറിലോസ്.

പാലാ മെത്രാന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗത്തിനെതിരെ മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തി. ബഹുമാന്യ സ്ഥാനത്തിരിക്കുന്നവര്‍ വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

“ക്രിസ്ത്യന്‍ സമുദായമെന്നല്ല മറ്റേതു സമുദായവും അത്തരത്തിലൊരു ഭീഷണിയെ നേരിടുന്നില്ല. കാലങ്ങളായി സര്‍വ്വമതസാഹോദര്യം പുലരുന്ന നാടാണ് കേരളം. അദ്ദേഹം പറഞ്ഞു. പള്ളിയിലെ പ്രസംഗപീഠം വിവാദങ്ങള്‍ക്കായി ഉപയോഗിക്കരുത.് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവന പിന്‍വലിക്കണം. അദ്ദേഹം തുടര്‍ന്നു. പുരോഹിതര്‍ക്കും അല്‍മായര്‍ക്കും ഇതരമതവിശ്വാസികളോടും മതമില്ലാത്തവരോടും സഹിഷ്ണുതയോടെ പെരുമാറാനുള്ള വിദ്യാഭ്യാസം കൊടുക്കേണ്ടിയിരിക്കുന്നു.”

പ്രസ്തുത വിവാദത്തിന് പാലാ ബിഷപ്പ് തിരികൊളുത്തിയപ്പോള്‍ ‘സുവിശേഷം സ്‌നേഹത്തിന്റേതാണ്. വെറുപ്പിന്റേതല്ല എന്റെ അറിവില്‍ പെട്ടിടത്തോളം മതപരിവര്‍ത്തനത്തിനായി അത്തരം പ്രവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ല. അത്തരം വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. അങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ അദ്ദേഹം നിമനടപടി സ്വീകരിക്കണം’ എന്നും സെപ്റ്റംബര്‍ പതിനൊന്നിന് ബിഷപ്പ് മാര്‍ കുറിലോസ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചിരുന്നു.

“കേരളത്തില്‍ 18.38 ശതമാനത്തോളം ക്രിസ്ത്യാനികളുണ്ട്. സാമൂഹ്യമോ സാമൂദായികമോ ആയ യാതൊരു ഭീഷണികളും അവര്‍ നേരിടുന്നില്ല. വര്‍ഗ്ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രസ്താവനകള്‍ സമുദായനേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു.