'പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തി'; അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല: കെ.മുരളീധരന്‍

അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല. തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.

ബിജെപിയിൽ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരെന്നും മുരളീധരൻ പരിഹസിച്ചു. അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി കളിക്കാൻ പത്മജയ്ക്ക് എങ്ങനെ പറ്റിയെന്ന് മുരളീധരൻ ചോദിച്ചു. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. ഇന്ന് ചെയ്തത് ചീപ്പ് പ്രവൃത്തി. തന്നെ ആരും ഉപദേശിക്കാൻ വരണ്ട. ഏപ്രില്‍ 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.

തൃശൂർ നിയോജകമണ്ഡലത്തിലെ കോൺഗ്രസിന്‍റേയും യൂത്ത് കോൺഗ്രസിന്‍റേയും മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ ഇരുപത് പേർക്കാണ് പത്മജ ബിജെപി അംഗത്വം നൽകിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോൺഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.