കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നിതി ആയോഗ് അംഗീകരിച്ചെന്ന് പി രാജീവ്; കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം

കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നീതി ആയോഗ് അംഗീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ നിതി ആയോഗിന്റെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം ചൂണ്ടിക്കാണിച്ചാണ് വ്യവസായമന്ത്രി സംസ്ഥാനത്തിന്റെ കുതിപ്പ് പങ്കുവെയ്ക്കുന്നത്. കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റമേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്ന നിതി ആയോഗ് പട്ടികയെന്നും പി രാജീവ് പറയുന്നു. കയറ്റുമതി വര്‍ധനവിന് കാരണമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ പിന്തുണയ്ക്കും മികച്ച മാര്‍ക്കാണ് കേരളത്തിന് ലഭിച്ചിരിക്കുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

വാണിജ്യമേഖലയ്ക്കായി ആരംഭിച്ച പ്രത്യേകമായ വകുപ്പും ഒപ്പം കേരളത്തിന്റെ കയറ്റുമതി നയവും ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാനം നടപ്പിലാക്കിയതെന്നും മന്ത്രി അവകാശപ്പെടുന്നു. അടുത്ത വര്‍ഷത്തെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ എത്തിച്ചുകൊണ്ട് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കുമെന്നും ഇതിനായി പരിശ്രമിക്കുമെന്നും പി രാജീവ് പറഞ്ഞു.

കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ പട്ടികയില്‍ നാം 19ആം സ്ഥാനത്തായിരുന്നെങ്കില്‍ കേരളം പുതിയ പട്ടികയില്‍ 11ആം സ്ഥാനത്തേക്ക് കുതിച്ച സന്തോഷം പങ്കുവെയ്ക്കുകയാണെന്നാണ് പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സിംഗപ്പൂര്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാര്‍ഗോ ടെര്‍മിനലുകളും മറ്റ് മാര്‍ഗങ്ങളും സംസ്ഥാനം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു.

കയറ്റുമതിയിലെ വൈവിധ്യവല്‍ക്കരണവും മാനവ വിഭവ ശേഷിയും എംഎസ്എംഇ ആവാസവ്യവസ്ഥയുമുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് കേരളത്തിന്റെ കുതിപ്പ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും, കേരളത്തില്‍ നിര്‍മ്മിക്കുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും, എസന്‍ഷ്യല്‍ ഓയിലിന്റെയും, കുട്ടികളുടെ തുണിത്തരങ്ങളുടെ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റം നമുക്ക് സാധ്യമായി. ഒപ്പം കാപ്പിമേഖലയിലെ തിരിച്ചുവരവും ഈ പട്ടികയില്‍ കാണാന്‍ സാധിക്കും. സിംഗപ്പൂര്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാര്‍ഗോ ടെര്‍മിനലുകളും മറ്റ് മാര്‍ഗങ്ങളും നാം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു.

Read more