പി. ജയരാജൻ ഖാദി ബോർഡ് വൈസ്‌ ചെയർമാനാവും; പി. ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്

 

സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി.

റിയാൻ ഫിലിപ്പ് പിന്മാറിയ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പ്രധാന നേതാക്കളിലൊരാളായ പി ജയരാജനെ ഖാദി ബോർഡ് തലപ്പത്തേക്ക് കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചത്. കെ. വരദരാജന്റെ പിൻഗാമിയായാണ് പി ശ്രീരാമകൃഷ്ണൻ നോർക്ക റൂട്സ് തലപ്പത്തേക്കെത്തുന്നത്. വരദരാജനെ കെ.എസ്.എഫ്.ഇ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കെ.കെ ലതികയെ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുതിയ പ്രസിഡന്റ്‌ എത്തും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തേ നൽകിയിരുന്നു.