പി. ജയരാജനും സഹദേവനും പാര്‍ട്ടിയുടെ താക്കീത്; നടപടി ജില്ലാ കമ്മിറ്റിയിലെ വാഗ്വാദത്തിന്

കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി കെ സഹദേവന്‍ എന്നിവര്‍ക്ക് താക്കീത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് താക്കീത് ചെയ്തത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ താക്കീത്.

പാര്‍ട്ടിയുടെ പൊതുമര്യാദയ്ക്ക് ചേരുന്നതല്ല ഇരുവരുടെയും പ്രവൃത്തിയെന്നും, മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഇരു നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സൈബര്‍ ഇടത്തില്‍ ക്രിമിനല്‍ ബന്ധമുള്ള ചില സഖാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇരുനേതാക്കളും പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദം മുറുകിയതോടെ യോഗം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈ സംഭവം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും താക്കീത് ചെയ്യാന്‍ സംസ്ഥാന സമിതിയോഗം തീരുമാനിച്ചത്.