കേരളത്തിൽ വാക്സിൻ പൂർണ്ണമായി എടുത്തവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്

കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വാക്‌സിൻ എടുത്തവരിൽ രോഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കേന്ദ്രസർക്കാർ കേരളത്തോട് അത്തരം എല്ലാ കേസുകളും ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് – ഇതിൽ രോഗം സ്ഥിരീകരിച്ച രോഗിയിൽ നിന്ന് എടുത്ത വൈറസ് സാമ്പിൾ വിശകലനം ചെയ്യുകയും മറ്റ് കേസുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.

പ്രതിരോധ കുത്തിവയ്പ്പുകളോ മുൻകാല അണുബാധയോ ഒരു വ്യക്തിക്ക് നൽകുന്ന പ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ വൈറസ് വേണ്ടത്ര പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് വൃത്തങ്ങൾ പറയുന്നത്.

അതിവേഗം പടരുന്ന ഡെൽറ്റ വകഭേദമാണോ വാക്സിൻ പൂർണ്ണമായി എടുത്തവരിലെ കോവിഡ് ബാധക്ക് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല. വാക്സിൻ എടുത്തവരിലെ കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്.

പത്തനംതിട്ടയിൽ ആദ്യത്തെ കോവിഡ് വാക്‌സിൻ ഡോസിന് ശേഷം 14,974 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി, രണ്ടാമത്തെ വാക്സിൻ കുത്തിവയ്പ്പ് കഴിഞ്ഞ് 5,042 പേർക്ക് രോഗം ബാധിച്ചു.

ഒരു തവണ വൈറസ് ബാധിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്ന അപൂർവ്വ അവസ്ഥ കേരളത്തിലെ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധയിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിൽ കുത്തിവയ്പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഇതിനകം കോവിഡ് ബാധിച്ചവർക്കും കുത്തിവയ്പ്പ് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.