മുഖ്യമന്ത്രി ഭൂതകാലം മറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; പദ്ധതി പിന്‍വലിക്കുംവരെ സമരമെന്ന് വി. ഡി സതീശന്‍

മുഖ്യമന്ത്രി ഭൂതകാലം മറന്നു പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് എംപിമാരെ വിവേകവും മര്യാദയും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.പൊലീസ് സ്റ്റേഷന് അകത്തും ബോംബ് നിര്‍മ്മിക്കുമെന്ന് പറഞ്ഞയാളാണ് കൊടിയേരി ബാലകൃഷ്ണന്‍. അദ്ദേഹമാണ് അടി കിട്ടേണ്ട സമരമെന്ന് കളിയാക്കിയതെന്നും സതീശന്‍ പറഞ്ഞു. ഇവരൊക്കെ പഴയകാലത്തെ മറക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരും സിപിഎം നേതാക്കളും സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. പഴയകാലത്ത് തൊഴിലാളി സമരങ്ങളോട് ജന്മിമാര്‍ നടത്തുന്ന അത്തരം പ്രവര്‍ത്തിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഡല്‍ഹിയില്‍ പ്രകോപനം കൂടാതെ ദല്‍ഹി പൊലീസ് ആക്രമിച്ചപ്പോള്‍ ആഹ്ലാദിക്കുകയായിരുന്നു മുഖ്യന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമെന്ന് സതീശന്‍ പറഞ്ഞു.

ഇടതുപക്ഷത്തു നിന്നും തീവ്ര വലതുപക്ഷത്തേക്കുള്ള മാറ്റം ഭാഷയില്‍ നിന്നുതന്നെ പ്രകടമാണെന്ന് സതീശന്‍ പറഞ്ഞു. സമരത്തോട് എന്തിനാണ് സര്‍ക്കാരിന് ഇത്ര അസഹിഷ്ണുതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം തെറ്റാണ്. ഉയര്‍ത്തിക്കാട്ടിയിരിക്കുന്ന കണക്കുകള്‍ തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു.