ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം; സഭാനടപടികള്‍ ബഹിഷ്കരിച്ചു, മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടെന്ന് വി. ഡി സതീശന്‍

നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എണീക്കുക ആയിരുന്നു.

സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതിന് പിന്നാലെ സഭാ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കു ആയിരുന്നു. നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സഭയ്ക്ക് പുറത്തും പ്രതിഷേധ സമരങ്ങൾ ഉണ്ടാകും. ഇന്നലെ ജില്ലാകേന്ദ്രങ്ങളിൽ കോൺഗ്രസ് സമരം നടത്തിയിരുന്നു. വരും ദിവസങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിലും സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

മന്ത്രി രാജിവയ്‌ക്കേണ്ടെന്ന തീരുമാനം സി.പി.എം എടുത്തിട്ടുള്ളതിനാൽ വി.ശിവൻകുട്ടി ഉടനടി സ്ഥാനമൊഴിയുമെന്ന് യു.ഡി.എഫ്. കരുതുന്നില്ല. എന്നാൽ, മന്ത്രി ക്രിമിനൽക്കേസിലെ പ്രതിയായി നിൽക്കുന്നത് പരമാവധി ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടുകയാണ് പ്രതിപക്ഷലക്ഷ്യം. അതേസമയം, വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഐ എൻ എലിലെ പോരും കരിവന്നൂർ ബാങ്ക് തട്ടിപ്പും യോ​ഗത്തിൽ ചർച്ചയാകും.