വിഴിഞ്ഞം തുറമുഖത്ത് നിരാഹാര സമരവുമായി ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖത്ത് നിരാഹാര സമരത്തിന് ലത്തീന്‍ അതിരൂപത. പോര്‍ട്ട് ഗേറ്റിന് മുന്നില്‍ സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം. ഗേറ്റിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പേരില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്താനാവില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പദ്ധതിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്ന് പ്രതിഷേധമാകാമെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും സമരം മൂലം പദ്ധതിയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നും പൊതുജനത്തിന്റെ പണമുള്‍പ്പെടെ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍ സമരം സമാധാനപരമായാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കോടതിയെ അറിയിച്ചു. പരാതികള്‍ ഉചിതമായ ഫോറത്തിലാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിയില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കും.