ഉമ്മൻചാണ്ടിയെയും തള്ളി ടി. സിദ്ധിഖ്; എല്ലാവരുമായും ചർച്ച നടത്തി, നടക്കുന്നത് കാതലായ മാറ്റം

കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് പാർട്ടിക്കുള്ളിൽ നടക്കുന്ന വിവാദത്തിൽ ഉമ്മൻചാണ്ടിയെ തള്ളി കെ.പി.സി.സി വർക്കിം​ഗ് പ്രസിഡന്റ് ടി. സിദ്ധിഖ്.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദ ചർച്ച നടന്നെന്നും കോൺഗ്രസിൽ അടിമുതൽ മുടിവരെ കാതലായ മാറ്റം നടക്കുകയാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.

പാർട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.

ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും സിദ്ധിഖ് രം​ഗത്തെത്തിയിരുന്ന. രമേശ് ചെന്നിത്തലയുടേത് കടന്ന പ്രതികരണമെന്നും പാർട്ടിയിലെ ഐക്യം തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നുമായിരുന്നു സിദ്ധിഖ് പറഞ്ഞത്.

രമേശ് ചെന്നിത്തല ഇച്ചിരികൂടി കടന്നാണ് ഇന്ന് സംസാരിച്ചത്. അത്തരം സംസാരം എല്ലാവരുടെ ഭാ​ഗത്ത് നിന്നും ഒഴിവാക്കണം എന്നുള്ളതാണ് സംഘടനാ പ്രവർത്തകൻ എന്ന രീതിയിൽ വിനീതമായ അഭ്യർത്ഥനയെന്ന് സിദ്ദിഖ് പറഞ്ഞു.

സംസാരത്തിലും പ്രവർത്തിയിലും കൃത്യതയോട് കൂടി സമീപനം സ്വീകരിച്ച് എരിതീയിൽ എണ്ണയൊഴിക്കുന്ന ഒരുവാചകം പോലും ഒരാളുടെ ഭാ​ഗത്ത് നിന്നും ഉണ്ടാവാതിരിക്കുക എന്നുള്ളതാണ് സംഘടനയോട് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമെന്നും സിദ്ദിഖ് കൂട്ടിചേർത്തു.