കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷൻസ് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകൾ ജയിലില്‍ തുടരും

ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിയിലേക്ക്. ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ തുടരേണ്ടിവരും.

അതേസമയം അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോ‌ടെയാണ് കോടതിക്ക് മുന്നിലെത്തിയത്.

Read more