തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ കടുത്ത നടപടി ഒഴിവാക്കുമെന്ന് സൂചന. അജിത്കുമാറിനെതിരെ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടി ആവശ്യമില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ശുപാർശ നൽകി. പൂരം കലക്കലിൽ സസ്പെൻഷന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. മുൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതിച്ചേർത്തു.
അജിത്‌കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് ശുപാർശയിൽ പറയുന്നത്. സർക്കാരിൻ്റെ നിർദേശപ്രകാരമാണ് മുൻ ഡിജിപിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത്. പുതിയ ശുപാർശ സർക്കാരിന് കൈമാറി. അജിത്‌കുമാറിന് താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
തൃശൂർ പൂരം കലക്കൽ, ഇന്റലിജൻസ് മേധാവി പി.വിജയനെതിരായ സ്വർണക്കടത്ത് ആരോപണം എന്നിവയിൽ എഡിജിപി എംആർ അജിത്‌കുമാറിനെ കുറ്റക്കാരനാക്കി മുൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചിരുന്നു. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പരിശോധിച്ച് അഭിപ്രായമറിയിക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടില്ല.







