ആരോപണത്തോട് നോ കമന്റ്സ്...; 'രാഹുൽ ഗാന്ധിയോട് സഹതാപം മാത്രം, ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെ'; ബി ഗോപാലകൃഷ്ണൻ

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ വിഡിയോ പ്രദർശിപ്പിച്ചതിൽ പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണെന്നും ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ ആണ് വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്.

എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമാണെന്നാണ് ബി ഗോപാലകൃഷ്ണൻ പറയുന്നത്. അതേസമയം ‘ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല’ – എന്നാണ് ബി ഗോപാലകൃഷ്ണൻ വിഡിയോയിൽ പറയുന്നത്.

ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേര്‍ യുപിയിലും ഹരിയാനയിലും വോട്ടര്‍മാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ വാര്‍ത്താസമ്മേളനത്തില്‍ ബി ഗോപാലകൃഷ്ണന്‍ ഓഗസ്റ്റ് 22ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വിഡിയോയും രാഹുല്‍ കാണിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ ആരോപണത്തിന് പിന്നാലെ ഇത് വ്യാജമായി നിർമിച്ച വിഡിയോ ആണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. വോട്ട് ചൊരിയിലെ പുതിയ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read more