നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും കെപിസിസി നേതൃമാറ്റവും അടുത്തിരിക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോണ്‍ഗ്രസിനെതിരെ എന്‍എം വിജയന്റെ കുടുംബം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസും അനുനയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പത്ത് ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടില്ലെങ്കില്‍ പല നേതാക്കളുടേയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് കുടുംബം പറയുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെയാണ് എന്‍എം വിജയന്റെ കുടുംബം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍പോലും അതിന് ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് അനുനയത്തിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ നടപടിയുണ്ടാകണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ നല്‍കുകയല്ലാതെ മറ്റ് സഹായങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല, എന്നും എന്തിനും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ നേതാക്കളാരും പിന്നീട് എത്തിനോക്കുക പോലും ചെയ്തിട്ടില്ലെന്നും കുടുംബം പറയുന്നു.
രണ്ടര കോടി രൂപയുടെ കടമുണ്ടെന്നും അതില്‍ 10 ലക്ഷം രൂപ മാത്രമാണ് കെപിസിസി നേതൃത്വം ഇതുവരെ നല്‍കിയിട്ടുള്ളതെന്നും എന്‍എം വിജയന്റെ കുടുംബം ആരോപിച്ചു. ഇത്രയും വലിയ കടബാധ്യത തങ്ങളെ കൊണ്ട് വീട്ടാന്‍ സാധിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് ടി സിദ്ദിഖ് എംഎല്‍എ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എപി അനില്‍കുമാര്‍ എംഎല്‍എയും കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍എം വിജയന്റെ കുടുംബവുമായി സമവായത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിലുണ്ടാകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.
Read more
കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നതിനിടെ എന്‍എം വിജയന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ കൂടി ശക്തി പ്രാപിച്ചാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ഉള്‍പ്പെടെ വിഷയം കാര്യമായി സ്വാധീനിച്ചേക്കും.