നിപ സ്ഥിരീകരിച്ചത് കേന്ദ്രം കേരളത്തെ അറിയിച്ചില്ല; ആരോഗ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയില്ല; പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മന്ത്രി റിയാസ്

കേരളത്തില്‍ നിപ സ്ഥിരീകരിച്ചത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ഇതുവരേയും വന്നിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മനസിലായത്. പരിശോധനാഫലം കാത്തിരിക്കുമ്പോള്‍ കൂടിയാലോചന നടത്തിയിട്ടാണല്ലോ ഇക്കാര്യം പരസ്യപ്പെടുത്തേണ്ടത്. എന്നാല്‍, അത്തരമൊരു നീക്കം ക്രേന്ദസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം കേന്ദ്ര ആരോഗ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹം സംസ്ഥാന ആരോഗ്യമന്ത്രിയുമായി അശയവിനിമയം നടത്തിയിട്ട് വേണ്ടെ പ്രഖ്യാപിക്കാനെന്നും അദേഹം ചോദിച്ചു.

സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധന നടത്തി നിപയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷേ, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ച്, അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്ന നിലപാടാണ് സംസ്ഥാന ആരോഗ്യമന്ത്രി സ്ഥീകരിച്ചത്. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യമന്ത്രി വിളിച്ചപ്പോഴും റിസള്‍ട്ട് ആയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ രണ്ടു പേരുടെ മരണത്തിന് കാരണം നിപയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പൂനെ വൈറേളജി ഇന്‍സ്റ്റിട്യൂറ്റില്‍ നിന്നുള്ള ഫലം കിട്ടി. ഇതില്‍ മരണകാരണം നിപയാണെന്ന് വ്യക്തമായെന്ന് അദേഹം പറഞ്ഞു. സംശയമുള്ള നാലു പേരുടെ ഫലങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിപാ മരണം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കും. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഇന്നലെ രാവിലെയാണ് പനി ബാധിച്ചുള്ള അസ്വഭാവിക മരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതായും മരിച്ച ആളുടെ അടുത്ത ബന്ധുക്കള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാകുന്നത്. ഉടന്‍ തന്നെ അടിയന്തരമായി സ്ഥിതിവിവരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.