ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. അതേസമയം നീണ്ട ചർച്ചകൾക്കൊടുവിൽ നിലമ്പൂരിൽ ഇനി അനുനയത്തിന് ഇല്ലെന്നാണ് പി വി അൻവറിന്റെ നിലപാട്. നിലമ്പൂരിൽ മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും.
ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് എം സ്വരാജിന്റെ തീരുമാനം. അതേസമയം എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും.
ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്. അതേസമയം രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക.







