നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും സംരക്ഷിത മേഖലയാക്കി; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും രണ്ടമുക്കാല്‍ കിലോമീറ്റര്‍ വരെ സംരക്ഷിത വനമാക്കിയാണ് കേന്ദ്ര വിജ്ഞാപനം ഇറക്കിയത്. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നു. 2.72 കിലോമീറ്ററാണ് സംരക്ഷിത വനമേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയത്. ആര്യനാട്, വിതുര, കളളിക്കാട്, അമ്പൂരി തുടങ്ങിയ പഞ്ചായത്തുകളാണ് ഇതോടെ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുക. അമ്പൂരി പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം എട്ടിന് വനം മന്ത്രി യോഗം വിളിച്ചു.

ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങി വിവിധ കാരണങ്ങള്‍ പരിഗണിച്ചാണ് പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കുന്നത്. സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് 2.72 കിലോമീറ്റര്‍, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 2.39 കിലോമീറ്റര്‍, തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് 1.16 കിലോമീറ്റര്‍, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റര്‍. ഇങ്ങനെയാണ് നിര്‍ദ്ദിഷ്ട സംരക്ഷിത മേഖല. സംരക്ഷിത മേഖലയില്‍ ഖനനവും പാറമകളും വന്‍കിട വ്യവസായങ്ങളും അനുവദിക്കില്ല.

കരട് വിജ്ഞാപനത്തില്‍ അറുപത് ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും അഭിപ്രായം അറിയിക്കാം. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനവും, സംരക്ഷിത മേഖലയ്ക്കായുളള മാസ്റ്റര്‍ പ്ലാനും തയ്യാറാക്കുക. ജലവൈദ്യുതി പദ്ധതികള്‍, വന്‍കിട ഫാമുകള്‍, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, ചൂളകള്‍, വിറകിന്റെ വ്യാവസായിക ഉപയോഗം, സ്ഫോടക വസ്തുക്കളുടെ സംഭരണം, എന്നിവയും അനുവദിക്കില്ല. അനുവാദമില്ലാതെ മരം മുറിക്കാനാകില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ഹോട്ടലുകളോ റിസോര്‍ട്ടുകളോ അനുവദിക്കില്ല. വീട് നിര്‍മ്മാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടാകും.