ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടുത്ത അറസ്റ്റ്; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എന്‍.വിജയകുമാര്‍. 2019-ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. കെ പി ശങ്കര്‍ദാസ് ആയിരുന്നു മറ്റൊരംഗം.

കെ.പി.ശങ്കര്‍ദാസിനെയും എന്‍.വിജയകുമാറിനെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്‌ഐടി നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജി കൊല്ലം കോടതിയില്‍ വിജയകുമാര്‍ നല്‍കിയിരുന്നെങ്കിലും എസ്‌ഐടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. ഉദ്യോഗസ്ഥരാണ് സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ബോര്‍ഡ് അംഗമായ തനിക്ക് അതില്‍ പങ്കില്ലെന്നുമാണ് വിജയകുമാര്‍ മുന്‍പ് പറഞ്ഞിരുന്നത്. സിപിഎം നേതാവ് കൂടിയാണ് അറസ്റ്റിലായ വിജയകുമാര്‍.

Read more

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍നിന്ന് വിമര്‍ശനം വന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയകുമാറിനോടും ശങ്കര്‍ദാസിനോടും എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നെന്ന് ശങ്കര്‍ദാസിന്റെ ഭാഗത്തുനിന്ന് വിശദീകരണം വന്നിരുന്നു. എന്നാല്‍ വിജയകുമാറും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വിജയകുമാറിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.