പോക്‌സോ കേസുകളുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനാകും

പോക്‌സോ കേസുകളുടെ നടത്തിപ്പിനായി പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായിരിക്കും സമിതിയുടെ അദ്ധ്യക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിലൊരിക്കല്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം.

പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുട്ടികളോട് മനഃശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

വീടുകളില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന പീഡനം തുറന്നു പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ഉണ്ടാകണം. ഇതിനായി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്കരണവും നല്‍കും. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ശന ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. അമ്മയും പെണ്‍മക്കളും മാത്രം കഴിയുന്ന വീടുകള്‍ കണ്ടെത്തി അവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസും സാമൂഹ്യനീതി വകുപ്പും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.