നേത്രാവതി എക്‌സ്പ്രസിൽ തീപിടുത്തം; സംഭവം ആലുവയിൽ

നേത്രാവതി എക്‌സ്പ്രസ് ട്രെയിനിൽ തീപിടുത്തം. ട്രെയിനിന്റെ പാൻട്രി കാറിന് താഴെയാണ് തീപിടിച്ചത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു.

ട്രെയിനിന്റെ 12,13 ബോഗികളിലായിരുന്നു തീപിടിത്തം. ബ്രേക്ക് ജാം ആയതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു.