കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് ആവര്‍ത്തിച്ച് നീനു; കൊന്നത് തന്റെ പിതാവും സഹോദരനും

കെവിന്‍ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ വിസ്താരം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്നും നീനു കോടതിയില്‍ പറഞ്ഞു. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ താന്‍ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു

കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്നു അവര്‍ കരുതിയതിയിരുന്നു. കെവിന്റെ ജാതിയാണു പ്രശ്നമായതെന്നും നീനു വ്യക്തമാക്കി. കെവിന്‍ താഴ്ന്ന ജാതിയാണെന്ന് അച്ഛന്‍ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാല്‍ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടിക്കൊണ്ട് പോയതെന്ന് നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നു.

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ബലമായി കൊണ്ടു പോകാന്‍ ശ്രമിച്ചു. സ്റ്റേഷനിലെ എസ്‌ഐ എം.എസ്. ഷിബു കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു കോടതിയെ അറിയിച്ചു. പിതാവ് ചാക്കോയൊടൊപ്പം പോകാന്‍ ആവശ്യപ്പെട്ടുവെന്നും സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്നും നീനു കോടതിയെ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.