കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. മെയ് എട്ടിന് പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ പ്രതിയുടെ ശിക്ഷാവിധിയിൽ വാദം നാളെ കോടതി കേൾക്കും.
2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തലസ്ഥാന നഗരമധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീട്ടിലാണ് കൊലപതകങ്ങൾ നടന്നത്. കേഡലിന്റെ അച്ഛന്‍, അമ്മ, സഹോദരി, അകന്ന ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് നാല് പേരെയും വെട്ടിക്കൊന്നു. അതിന് ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കത്തിച്ചു.
ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദളിന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെയാണ് കേദൽ കൊന്നത്. കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.