എക്‌സാലോജിക്ക് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം; ചിത്രയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദന്‍

പിണറായി വിജയനെ അപസഹിക്കാന്‍ വേണ്ടി നടത്തുന്ന കാര്യങ്ങളെ പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എക്‌സാലോജിക്കിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങള്‍ പുറത്ത് വരും. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണ്. കോണ്‍ഗ്രസ് നേതാക്കളും പൈസ വാങ്ങിയിട്ടുണ്ട്. അതില്‍ അന്വേഷണം വേണ്ടേയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കരിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണ ലഭിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാകില്ലെന്ന നിലപാടാണ് യുഡിഎഫ് എടുക്കുന്നത്. അയോധ്യ വിഷയം ബിജെപി തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ വിഷയത്തില്‍ കെഎസ് ചിത്രയെപ്പോലുള്ള പ്രതിഭകളെടുത്ത നിലപാട് വിമര്‍ശിക്കപ്പെടുകയാണ്. എന്നാല്‍ അതിന്റെ പേരില്‍ ചിത്രയെ അടച്ചാക്ഷേപിക്കേണ്ട കാര്യം ഇല്ല. ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത് ആണ്. അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ട കാര്യം ഇല്ല.