മുട്ടിൽ മരംമുറി കേസ്; പ്രതിപ്പട്ടികയിൽ നിന്ന് 29 കര്‍ഷകരെയും ആദിവാസികളെയും ഒഴിവാക്കി

മുട്ടിൽ മരംമുറി കേസിൽ 29 പേരെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി. ആദിവാസികളേയും കർഷകരെയുമാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്. .  പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഇവരെ പറഞ്ഞു പറ്റിച്ച് മരംമുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇവരിൽ ഇരുപത് പേർ ആദിവാസി വിഭാഗത്തിലുള്ളവരും ബാക്കി ഒന്‍പതുപേർ കർഷകരുമാണ്.

അതേസമയം സിന്ധു, അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാൻ അന്വേഷണ സംഘം അനുമതി തേടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായിരുന്ന ഹംസയെ തൃശൂർ മരം മുറിയിലും അറസ്റ്റ് ചെയ്തു.

മുഖ്യപ്രതികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം കോടതി വിമർശനത്തിനു മുതിർന്നിരുന്നു. പട്ടയഭൂമിയിലെ മരംമുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്നു ഹൈക്കോടതിയുടെ ചോദിച്ചിരുന്നു. മോഷണക്കുറ്റം ഉൾപ്പെട്ട കേസുകളിൽ പോലും അറസ്റ്റ് ഉണ്ടാകാത്തതിന്റെ കാരണവും ചോദിച്ചിരുന്നു.