സംഗീതം ജീവിതവും, ജീവിതം നാദാര്‍ച്ചനയുമാക്കിയ പ്രതിഭയ്ക്ക് വിട; സംഗീത സംവിധായകനും ഗായകനുമായ പദ്മശ്രീ കെ.ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.
ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. കെ.ജി. ജയന്‍, കെ.ജി. വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍. ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാര്‍ച്ചന ഒരുക്കിയാണ് ജയവിജയന്മാര്‍ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവര്‍ ഈണമിട്ട് പാടിയതാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തില്‍ ഗേപാലന്‍ തന്ത്രിയുടേയും പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം.

ശ്രീനാരായണ ഗുരുവിന്റെ നേര്‍ ശിഷ്യനായിരുന്നു അച്ഛന്‍ ഗോപാലന്‍ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ.ജയന്‍ എന്നൊരു മകന്‍കൂടിയുണ്ട്. 2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.