മൂന്നാറിലെ കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി, എതിര്‍ക്കുന്നുവെന്ന പ്രചാരണം പൊതുജനങ്ങളോടുള്ള വഞ്ചന

മൂന്നാറിലെ കൈയേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കൈയേറ്റ ഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010-ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

Read more

കൈയേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നെന്നാണ് കോടതി വിമര്‍ശിച്ചത്. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.