'അനുവാദം വാങ്ങി കെ.പി.സി.സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേടില്ല'; ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രഹസനമെന്ന് മുല്ലപ്പള്ളി

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കണം. പാർട്ടിയിൽ ചര്‍ച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രഹസനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലും കൂടിക്കാഴ്ച നടക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 50 വര്‍ഷമായി ഒരു കെ.പി.സി.സി പ്രസിഡന്‍റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഇണ്ടായിട്ടില്ല. സ്ലോട്ട് വെച്ച് അധ്യക്ഷനെ പോയിക്കാണേണ്ട ആവശ്യം തനിക്കില്ല. അങ്ങനെ ഒരു ഗതികേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന കെ. സുധാകരന്റെ ആരോപണം മുല്ലപ്പള്ളി തള്ളി. ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കള്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
എല്ലാവരും ആദരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവാണ് വി.എം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് മാത്രമെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകൂ. എല്ലാ സീനിയര്‍ നേതാക്കളുടെയും അഭിപ്രായം ഉള്‍ക്കൊള്ളണം. കണ്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് ഹൃദ്യമായിരിക്കണമെന്നും കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.