എഡിജിപി എംആർ അജിത് കുമാർ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്സണൽ സ്റ്റാഫുകളും ട്രാക്‌ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് അജിത് കുമാർ ശബരിമലയിലെത്തിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്‌ടറിൽ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്.
സന്നിധാനത്തു നിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളിൽ ഒന്ന് പ്രവർത്തനക്ഷമമായിരുന്നു. അതിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. അതേസമയം ട്രാക്ടറിൽ ശബരിമലയിലേക്കു യാത്ര ചെയ്തതിൽ അജിത്കുമാർ ഡിജിപിക്ക് വിശദീകരണം എഴുതി നൽകി. മല കയറുന്ന സമയത്താണ് ട്രാക്ടർ വന്നതെന്നും കാലുവേദന അനുവഭപ്പെട്ടതുകൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്നും വിശദീകരണത്തിൽ പറയുന്നു.
പമ്പ- സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്‌ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും 12 വർഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാർ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി രൂക്ഷവിമർശനം നടത്തുകയായിരുന്നു. സംഭവത്തിൽ പമ്പ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Read more
അതിനിടെ ട്രാക്‌ടർയാത്രയിൽ പോലീസ് വിശദ പരിശോധന നടത്തണമെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും നിയമലംഘനം ഗൗരവമുള്ളതാണെന്നാണ് അധികൃതരുടെ പൊതുനിലപാട്. ഒഴിവാക്കേണ്ടതായിരുന്നു ഈ യാത്ര. എഡിജിപി നിയമലംഘനം നടത്തിയ സംഭവത്തിൽ ദേവസ്വത്തെ ഹൈക്കോടതി കക്ഷിചേർത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ല. അടുത്ത തിങ്കളാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.