മോദിയുടെ പ്രസ്താവന ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ്? 'പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുന്നു': മുഖ്യമന്ത്രി

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കെതിരെ നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങൾക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നീതി ആയോഗിന്റെ ചുമതലയിൽ ഇരുന്നാണ് പ്രധാനമന്ത്രി കള്ളം പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നത്. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രി. ബീഹാറിനെ പോലെയാണ് കേരളം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിലൂടെ രണ്ടു സംസ്ഥാനങ്ങളെയും ഒറ്റയടിക്ക് അപമാനിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ അഴിമതി എന്ന മോദിയുടെ പരാമർശം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. ബിജെപി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. മോദിയും രാഹുലും തെറ്റായ കാര്യങ്ങൾ പറയുന്നു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നില്ല. രാജ്യത്തെ നയിക്കാനുള്ള കരുത്ത് രാഹുൽ ഗാന്ധിക്കില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിർണ്ണായക സമയത്ത് പാർട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഓടിയ നേതാവാണ് രാഹുൽ ഗാന്ധി. അഞ്ചു വർഷത്തിന് ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നു. വയനാട്ടിൽ മത്സരിക്കാൻ ഉത്തരേന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാർട്ടി പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.