'പിണറായിക്ക് മോദിയുടെ ഭാഷ, താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രം; വടിവെട്ടിയിട്ടേയുള്ളു അടിവരുന്നേയുള്ളു'; നിയമസഭയില്‍ കത്തിക്കയറി ഷാഫി പറമ്പില്‍

മോദി ഭരണത്തിന്റെ മലയാള പരിഭാഷയായിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസമെന്ന് ഷാഫി പരിഹസിച്ചു. വയലാര്‍ സമരവീര്യം പറയുന്നവര്‍ കറുത്ത തുണിക്കഷ്ണത്തെ പേടിക്കുന്നെന്നും അത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരും യുഡിഎഫിന് ഇല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സ്പീക്കറുടെ കസേര തള്ളി മറച്ചിട്ടവര്‍ മന്ത്രിമാരായി ഇരിക്കുന്നു. സമരങ്ങളോട് ‘ഹോള്‍ സെയ്ല്‍’ പുച്ഛം പാടില്ല. മരുന്ന് വാങ്ങാന്‍ വരുന്നവരെ പോലും തടയുകയാണ്. വടിവെട്ടിയിട്ടേയുള്ളു, അടി വരുന്നേയുള്ളുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Read more

നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്പീക്കര്‍ സഭയില്‍ എത്തിയ ഉടനെ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. ഇന്ധനസെസ് പിന്‍വലിക്കുക, പൊലീസിന്റെ ക്രൂരനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.