മോദി മികച്ച ലീഡര്‍, ബി.ജെ.പി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ബിജെപി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന് സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം.ക്രിസ്ത്യന്‍ സമുദായത്തിന്റെ കാര്യം മാത്രമല്ല എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും കോണ്‍ഗ്രസിനോട് മുന്‍പ് ആഭിമുഖ്യം ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇല്ലാതായി.

കോണ്‍ഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവര്‍ സ്വീകരിച്ച തെറ്റായ നിലപാടുകള്‍ മൂലമാണ്. ഒരു വിഭാഗം ഇടതുപക്ഷത്തോട് കൂറ് മാറി, മറ്റൊരു പോംവഴി അതായിരുന്നു. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍, ആളുകള്‍ മറ്റ് വഴികള്‍ തേടുന്നത് സ്വാഭാവികമാണ്.

അത്തരത്തില്‍ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം. കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചിട്ടുമുണ്ടെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഹൈന്ദവ ആധിപത്യം ഇവിടെ വന്നാല്‍ മുസ്ലീം വിഭാഗങ്ങളെ തുരത്തുമെന്ന് അവര്‍ കരുതുന്നുണ്ടാവാം. മുസ്ലീം ഭൂരിപക്ഷമുളള രാജ്യങ്ങളില്‍ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതി. അതേ ശൈലിയില്‍ മുസ്ലീംങ്ങളെ പറ്റി ഇവരും ചിന്തിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിയെന്ന നിലയില്‍ മോദി ഒരു നല്ല ലീഡര്‍ ആണ്. അത് വളര്‍ത്തിയെടുക്കാന്‍ മോദി പരിശ്രമിക്കുകയും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം അത് വളര്‍ത്തിയെടുത്തു. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകള്‍ക്ക് പോകാറില്ല. നേതൃത്വപരമായി പ്രാഗല്‍ഭ്യം വളര്‍ത്തിയെടുത്തുകൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റ് ചില കുറവുകള്‍ ജനങ്ങള്‍ മറക്കുകയും ചെയ്യും. അത് സ്വഭാവികം ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.