'ബാലന്‍ കെ നായരെ പേടിച്ച് ജോസ് പ്രകാശിന്റെ വീട്ടില്‍ കയറിയ നായികയുടെ അവസ്ഥയാണ് ജനങ്ങളുടേത്'; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമര്‍ശിച്ച് അന്‍വര്‍ സാദത്ത്

കേന്ദ്ര ബഡ്ജറ്റിനെയും സംസ്ഥാന ബഡ്ജറ്റിനെയും നിയമസഭയില്‍ വിമര്‍ശിച്ച് എംഎല്‍എ അന്‍വര്‍ സാദത്ത്. ബാലന്‍ കെ നായരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട നായിക ജോസ് പ്രകാശിന്റെ വീട്ടില്‍ ഓടി കയറിയത് പോലെയുളള അവസ്ഥയിലാണ് ഇരു ബജറ്റുകള്‍ക്കും ശേഷം ജനങ്ങളെന്ന് അന്‍വര്‍ പറഞ്ഞു.

പണ്ട് സ്ത്രീകളുടെ മാറ് മറക്കുന്നതിന് നികുതിയും, മീശക്കരവും ഏര്‍പ്പെടുത്തിയിരുന്നു. അത് മാത്രമാണ് ഇന്ന് ഒഴിവാക്കിയിട്ടുളളത്. ബാക്കി എല്ലാ മേഖലയിലും സര്‍ക്കാര്‍ നികുത്തി ചമുത്തുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉളളത്. സര്‍ക്കാരിന്റെ പോക്ക് കാണുന്ന ജനങ്ങള്‍ പഴയ അവസ്ഥ തിരിച്ചുവരുമെന്നാണ് ഭയക്കുന്നത്.

കേന്ദ്ര ബഡ്ജറ്റും കേരള ബഡ്ജറ്റും കഴിഞ്ഞപ്പോള്‍ ഓര്‍മ്മവരുന്നത് പണ്ടത്തെ രണ്ട് വില്ലന്‍ കഥാപാത്രങ്ങളെയാണ്. ബാലന്‍ കെ നായരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട നായിക ജോസ് പ്രകാശിന്റെ വീട്ടില്‍ ഓടി കയറിയത് പോലെയുളള അവസ്ഥയാണ് ഇപ്പോള്‍. ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്നും അന്‍വര്‍ സാദത്ത് നിയമസഭയില്‍ പറഞ്ഞു.

അതേസമയം, ബജറ്റ് പ്രഖ്യാപനത്തില്‍ വിവാദമായ ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതില്‍ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ബജറ്റിന്‍മേലുളള പൊതുചര്‍ച്ചയിലാകും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് വ്യക്തമാക്കുക. രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാഭിപ്രായം ഉണ്ട്.

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍ കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചര്‍ച്ച. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം, സെസ് നില നിര്‍ത്തി ഭൂമിയുടെ ന്യായ വില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറക്കുന്നതും ചര്‍ച്ചയില്‍ ഉണ്ട്.