തൊണ്ടിമുതല്‍ തിരിമറി കേസില്‍ എംഎല്‍എ ആന്റണി രാജുവിന് 3 വര്‍ഷം തടവ്; തെളിവ് നശിപ്പിക്കല്‍- കള്ള തെളിവ് ഉണ്ടാക്കല്‍ കേസില്‍ 35 വര്‍ഷത്തിന് ശേഷം ശിക്ഷാവിധി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ തിരുവനന്തപുരം എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് 3 വര്‍ഷം തടവ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ലഹരിക്കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ അന്ന് ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യുകയായിരുന്നു.

കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രതിയെ വെറുതേവിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് കോടതി ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയായിരുന്നു.ഓസ്ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂഅവിടെ കൊലക്കേസില്‍ പെടുകയും തടവില്‍ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നല്‍കി. തുടര്‍ന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്.

നീതിന്യായ രംഗത്ത് തന്നെ അപൂര്‍വ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രില്‍ ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയന്‍ പൗരനായ സാല്‍വദോര്‍ സാര്‍ലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലര്‍ക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആന്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് തൊണ്ടിയും കടത്തിയത്.

Read more

ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കവുമെല്ലാം 3 വര്‍ഷം തടവ് ശിക്ഷയോടെ പ്രതിസന്ധിയിലായി.