ആയിരം സംരംഭങ്ങള്‍, ശരാശരി 100 കോടി വിറ്റുവരവ്; നാനോ സംരംഭ യൂണിറ്റുകളെ വളര്‍ത്തുന്നതിന് 'മിഷന്‍ 10000' നടപ്പാക്കും; പ്രഖ്യാപനവുമായി വ്യവസായമന്ത്രി പി രാജീവ്

നാനോ സംരംഭ യൂണിറ്റുകളെ വളര്‍ത്തുന്നതിന് ‘മിഷന്‍ 10000’ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എം എസ് എം ഇ ദിനാഘോഷം തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇകളില്‍ നിലവില്‍ നല്ലൊരു ശതമാനവും നാനോ യൂണിറ്റുകളാണ്. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരം സംരംഭങ്ങള്‍, ശരാശരി 100 കോടി വിറ്റുവരവ് എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ 1000’ ആണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

എന്‍ഹാന്‍സിങ് ദ റോള്‍ ഓഫ് എം എസ് എം ഇ ആസ് ഡ്രൈവേഴ്സ് ഓഫ് സസ്റ്റൈനബിള്‍ ഗ്രോത്ത് ആന്‍ഡ് ഇന്നോവേഷന്‍ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷത്തിന്റെ പ്രമേയം. എം എസ് എം ഇകളുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി കേരളത്തില്‍ ഒരുപാട് പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തില്‍ നിന്നും ആകെയുള്ള ഉദ്യം രജിസ്‌ട്രേഷന്‍ 75,221 ആയിരുന്നു. ഇന്നത്തെ കണക്ക് അനുസരിച്ച് അത് 15,75,987 ആയി വളര്‍ന്നു. അതില്‍ മൂന്നര ലക്ഷമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്ത എം എസ് എം ഇകള്‍. വ്യവസായ വകുപ്പിന്റെ കാമ്പയിനിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യാത്ത എം.എസ്.എം.ഇകള്‍ ഉദ്യം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. അതിലൂടെ ഏകദേശം 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴേകാല്‍ ലക്ഷത്തോളം തൊഴില്‍ അവസരമുണ്ടായതായും മന്ത്രി അറിയിച്ചു.

എം.എസ്.എം.ഇ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അതിന്റെ മാര്‍ക്കറ്റിങ്. അതിന്റെ ഭാഗമായി റേഷന്‍ കടകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ സ്റ്റോറിലൂടെ ഏകദേശം 30 കോടിയുടെ എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞു. കെ ഷോപ്പിയിലൂടെ ഘട്ടം ഘട്ടമായി എം.എസ്.എം.ഇകളെയും അതില്‍ ഉള്‍പ്പെടുത്തും. കേരളാ ബ്രാന്‍ഡായ ‘നന്മ’ എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ക്കും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

എം.എസ്.എം.ഇയെ പ്രോത്സാഹിപ്പിക്കാനായി നിലവില്‍ 38 പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി. മൂന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് വികസന അനുമതി ലഭിച്ചു. എട്ട് പാര്‍ക്കുകള്‍ക്ക് കൂടി ഉടന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. കാമ്പസുകളോട് ചേര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ വരുന്നതിലൂടെ വ്യവസായ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിക്കും.

ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സില്‍ രാജ്യത്ത് 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാമത് ആണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. അതോടൊപ്പം, കേന്ദ്ര ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം എഫ് ഡി ഐയുടെ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ ഈ വര്‍ഷം 100 ശതമാനം വളര്‍ച്ചയുണ്ടായ ഏക സംസ്ഥാനം കേരളമാണ്. നമ്മള്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തിലെത്തി. ഇതൊരു പൊതുബോധമായി മാറേണ്ടതുണ്ട്. പലരുടെയും ധാരണ കേരളത്തില്‍ ഇതൊന്നുമില്ല എന്നാണ്. കേരളമാണ് ലോകത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ ഹബ്. ആദ്യ മൂന്ന് സ്ഥാനത്തിലുള്ള കമ്പനികളും കേരളത്തില്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് കമ്പനി കേരളത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ പല്ല് നിര്‍മാണ കമ്പനി കേരളത്തിലാണ്. മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്റെ 20 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി) സാധ്യതകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ കേരളത്തെ ലോകത്തിന് മുന്നില്‍ ഷോകേസ് ചെയ്യണമെങ്കില്‍ എല്ലാവരും അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പുതിയ തലമുറ അതില്‍ പ്രധാനപ്പെട്ടതാണ്. ചെറുപ്പക്കാര്‍ ഇവിടെ തന്നെ ജോലി ചെയ്യണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

‘Awareness Response for Young and Student Entrepreneurs (ARYSE)- Kerala’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. എം എസ് എം ഇ മേഖലയുടെ പ്രസക്തിയും പ്രാധാന്യവും യുവതലമുറയെയും വിദ്യാര്‍ത്ഥികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read more

എക്കോടെക്സ് ഹാന്‍ഡ്ലൂം കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപകന്‍ പത്മശ്രീ പി. ഗോപിനാഥന്‍, കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ. ഭവദാസന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘വ്യവസായ ജാലകം 2025’ എന്ന കൈപ്പുസ്തകം ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റണി രാജു എം എല്‍ എയ്ക്ക് നല്‍കി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന, മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ ധാരണാപത്രം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ‘കേര’ പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. ബി. അശോകും തമ്മില്‍ ഒപ്പുവെച്ചു.