കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും വ്യക്തമാക്കിയ മന്ത്രി ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമായി കേരള കോണ്‍ഗ്രസ് എം മുന്നോട്ടുപോവുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.
മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും കേരള കോണ്‍ഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് സഭ നേതൃത്വമൊന്നും ഇടപെട്ടിട്ടില്ല. അവര്‍ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നവരല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സമരത്തിൽ എംഎൽഎമാരടക്കം പങ്കെടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിൽ അഭ്യൂഹങ്ങളൊന്നുമില്ല. മുന്നണിമാറ്റമെന്ന് പറഞ്ഞ് ഇത്തരത്തിൽ വിസ്മയം ഉണ്ടാകേണ്ട കാര്യമില്ല എന്നും മന്ത്രി പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് അറിയില്ല. അതെല്ലാം അഭ്യൂഹങ്ങളാണ്. വിശ്വാസ്യതയും ധാര്‍മികതയുമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. തുടരുമെന്ന് പറഞ്ഞ് താനിട്ട പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.







