വിവാദ അദാലത്തുകളില്‍ മന്ത്രിയുടെ ഇടപെടലില്ല, സാന്നിദ്ധ്യം മാത്രം; ജലീലിനെ ന്യായീകരിച്ച്  സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്

മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ചു ഗവര്‍ണര്‍ക്ക് എംജി, സാങ്കേതിക സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ലെന്നും സാന്നിദ്ധ്യം മാത്രമാണുണ്ടായതെന്നുമാണ് വിശദീകരണം. മാര്‍ക്ക് ദാനവും മൂന്നാം മൂല്യനിര്‍ണയവും വിദ്യാര്‍ത്ഥികളെ സഹായിക്കാനായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക സർവകലാശാലയിലെ അദാലത്തിൽ മന്ത്രി നേരിട്ടു പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും സാന്നിദ്ധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണു സർവകലാശാല അധികൃതർ പറയുന്നത്. വളരെ വിവാദമായിട്ടുള്ള എംജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെ നടന്ന അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീർഘനേരം പങ്കെടുത്തതു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ അവിടെയും സാന്നിദ്ധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നയപരമായ കാര്യങ്ങളിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണു റിപ്പോർട്ടിലുള്ളത്.

മറ്റൊരു വിശദീകരണം മാർക്ക് ദാനം സംബന്ധിച്ചാണ്. ധാരാളം കുട്ടികൾ സപ്ലിമെന്ററി പരീക്ഷയിൽ തോൽക്കുകയും ബിടെക് കോഴ്സുകൾ പൂർണമായും സാങ്കേതിക സർവകലാശാലകൾക്കു കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് മാർക്ക് കൂട്ടിയിട്ടു നല്‍കാനുള്ള തീരുമാനമെടുത്തതെന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. സാങ്കേതിക സർവകലാശാല ഒരു വിദ്യാർത്ഥിയുടെ പേപ്പർ മൂന്നാമതും മൂല്യനിർണയം നടത്താനും മന്ത്രി നേരിട്ടു നൽകിയ നിർദേശമെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെങ്കിലും, ഒരു മിടുക്കനായ വിദ്യാർത്ഥിയുടെ ഭാവിയെ കരുതി എടുത്ത തീരുമാനമെന്നും സാങ്കേതിക സർവകലാശാല വ്യക്തമാക്കുന്നു.