ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്റര്‍; തെളിവ് നല്‍കാമെന്ന് പി.സി ജോര്‍ജ്

ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്ററാണെന്ന് പി.സി ജോര്‍ജ്. ഇതു താന്‍ പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തതെന്നും ഇഡി അന്വേഷിച്ചാല്‍ എല്ലാത്തിനും തെളിവു നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരിസ് അബൂബക്കര്‍. പിണറായിയുടെ രണ്ടു മക്കളുടെ കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കര്‍ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കര്‍ നിഴല്‍ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.’

‘2009ല്‍ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറില്‍ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിര്‍ദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്‌മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നു’ പിസി ജോര്‍ജ് പറഞ്ഞു.

തന്റെ ആരോപണങ്ങള്‍ക്ക് സിപിഎമ്മിന് മറുപടിയില്ല. മുഖ്യമന്ത്രി രാജിവച്ച് നിയമനടപടി നേരിടണം. അതാണ് മറുപടി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നത് അധാര്‍മികമാണ്.

തനിക്ക് എതിരെ കലാപാഹ്വാന കേസ് എടുത്ത പൊലീസ് എന്തു നടപടി എടുക്കുമെന്ന് അറിയണം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അതിനാണ് കലാപാഹ്വാനത്തിന് കേസ് എടുത്തതെന്നും ജോര്‍ജ് പറഞ്ഞു.