മത്സ്യഫെഡ് അഴിമതി: സമഗ്ര അന്വേഷണം വേണം, സര്‍ക്കാരിന്റെ മൗനം ദുരൂഹം

മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും അന്വേഷിക്കണം.

സി.പി.എം നേതാക്കള്‍ ഇടപെട്ട് പിന്‍വാതിലിലൂടെ നിയമിച്ചവരാണ് തട്ടിപ്പിന് പിന്നില്‍. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ തട്ടിപ്പെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ തട്ടിപ്പ് പുറത്തു വന്നിട്ടും സര്‍ക്കാരോ ഫിഷറീസ് വകുപ്പ് മന്ത്രിയോ പ്രതികരിക്കാത്തതും ദുരൂഹമാണ്. തട്ടിപ്പ് സംബന്ധിച്ച് അന്തിപ്പച്ച വാഹനങ്ങളില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീത്തൊഴിലാളികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാത്തത് ഉന്നത സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.

കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണി കിടക്കുമ്പോഴാണ് അവരുടെ പേരില്‍ സി.പി.എം നേതാക്കള്‍ തട്ടിപ്പു നടത്തിയത് മനുഷ്യത്വരഹിതമാണ്. മത്സ്യഫെഡില്‍ വ്യാപകമായ പിന്‍വാതില്‍ നിയമനമാണ് സി.പി.എം നേതാക്കള്‍ നടത്തിയത്. മത്സ്യഫെഡിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പിന്‍വാതിലിലൂടെ നിയമനം നേടിയവരാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും സംഭരിച്ചെന്ന വ്യാജേന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മീന്‍ എത്തിക്കുന്നത് വഞ്ചനയാണ്. ഇതിന് പിന്നിലും സി.പി.എം നേതാക്കളുടെ ഇടപെടലുണ്ട്