ഇടുക്കിയിൽ വൻ മരംകൊള്ള. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തി. വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തിൽ പെട്ട മരങ്ങളാണ് മുറിച്ചു മാറ്റിയത്.
ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ പെട്ട ഭൂമിയിൽ നിന്നും ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത്. ഇവിടെ നിന്ന് മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിയില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഗുരുതര നിയമ ലംഘനം.
Read more
ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ സമീപത്താണ് സംഭവം. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നാണ് മരം വെട്ടിയത്. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു. ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മരക്കുറ്റികൾ എണ്ണി തിട്ടപ്പെടുത്തി സത അടിച്ചു.